പോരുന്നോ എന്റെ കൂടെ?? Please click on Join this site button..

Thursday, November 28, 2013

ജൂലൈ 29, ആ രാത്രിയിൽ...

ജൂലൈ 29 ,2013 ,

തളിപ്പറമ്പ സഹകരണാശുപത്രിയുടെ
വരാന്തയിലൂടെ  ഞാൻ മേരിയേയും കൂട്ടി നടന്നു..
ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് വരുമ്പോഴൊക്കെ അവളോടൊന്ന് മാത്രേ ഞാൻ ചോദിച്ചുള്ളൂ..
"ഇന്ന് വല്ലോം നടക്കുമോ?? "
"നടക്കണേൽ നല്ലോണം നടക്കണം.. " ഓളുടെ മറുപടി..
"ന്തിര്??"
"നല്ലോണം ഓളേം കൊണ്ട് നടന്നാൽ വേദന വരും.. ന്നാ ഇന്നന്നെ നടക്കും.."
"ആയിക്കോട്ടെ.. "
മേരി സിസ്റ്റർ പോയി..
അങ്ങനെ മേരിയെ വിട്ടു, തളിപ്പറമ്പ സഹകരണാശുപത്രിയുടെ വരാന്തയിലൂടെ ഞാൻ എന്റെ ശരിക്കുള്ള ഓളേം കൊണ്ട് കുറെ നടന്നു..
കുറെ നടന്നപ്പോ വേദന വന്ന് ..  പോയി മേരിയെ കണ്ടു..
"ഇപ്പൊ നല്ലോണം വേദന വന്നു.. മരുന്ന് വേണം.."
"എഹ് .. മരുന്നൊന്നും തരാൻ പറ്റൂല ..മരുന്ന് കഴിക്കാൻ പറ്റൂല.. ഓളെ ലേബർ റൂമിലേക്ക് കേറ്റാം .." മേരിടെ മറുപടി..
"എനിക്ക് വേദന വന്നതിനു ഓളെ എന്തിനാ ലേബർ റൂമിലേക്ക് കേറ്റുന്നെ.. "
മേരി സിസ്റ്റർ വാ പൊളിച്ചു..
"വേദന അപ്പൊ മാറിപിടിച്ചാ .." മേരി കണ്‍ഫ്യൂഷൻ ആയി..
"ഓക്കൊരു വേദനേം വന്നില്ല... ജ്യോതീം വന്നില്ല.. ഓളുടെ കൂടെ നടന്നു നടന്നു ന്റെ കാലു വേദനിച്ചു.. ബേം ന്തേലും മരുന്ന് താ.."
വാ പൊളിച്ചു നിന്ന മേരി, വായിൽ നാലാമത്തെ ഈച്ചേം കേറിയപ്പോ വാ അടച്ചു കൊണ്ട് അകത്തേക്ക് പോയി ഒരു കുപ്പിയുമായി തിരിച്ചു വന്നു..
"ന്താ ഇത് കൊയംബാ .??" അത് വാങ്ങിക്കൊണ്ട് എന്റെ ചോദ്യം...
"കൊയംബല്ല.. കുഴമ്പ് .. "
മേരി ആക്കുവാ .. ബ്ലടി കണ്‍ട്രി ഫെല്ലോ ..!!!
"ഇങ്ങളിവിടെ കുഴമ്പും കൊടുക്കാറുണ്ടോ? "
"അതില്ല... ഇത് ഡോക്ടർക്ക്‌ ഇന്നാളു കാലു വേദന വന്നപ്പോൾ വാങ്ങിയതിന്റെ ബാക്കിയാ .."
"അപ്പൊ ഡോക്ടർ ഇവിടത്തെ ഇംഗ്ലീഷ്  മരുന്ന് ഉപയോഗിക്കില്ലെ??" ന്റെ സംശയം..
"ഏയ്‌ ഇല്ല.. ഡോക്ടർ അധികം  റിസ്ക്‌ എടുക്കാറില്ല.." ..മേരിയുടെ വിശദീകരണം..
"ഒരിക്കലും എടുക്കണ്ടാന്നു പറയണം...അല്ലേലും റിസ്ക്‌ എടുക്കാനല്ലേ ഞങ്ങളെ പോലുള്ലോർ കാശും കൊടുത്തു ഇങ്ങോട്ട് തന്നെ വരുന്നേ.."
പഞ്ച് .. മാരക പഞ്ച് ..!!!
അതും പറഞ്ഞു ഞാൻ സ്ലോ മോഷനിൽ നടന്നു നീങ്ങി..

കുഴമ്പും കൊണ്ട് മുറിയിലേക്ക് വന്ന എന്നെ ഉമ്മ അടിമുടിയൊന്നു നോക്കി, എന്നിട്ട് ചോദിച്ചു..
"ന്താ മോനെ അത്.."
"അത് വേദനക്ക് തടവാനുള്ള കുഴമ്പാ.. കാലിൽ തടവിയാ മതി.." അതും പറഞ്ഞു കുഴമ്പും അവിടെ വെച്ച് ഞാൻ 'സൂസൂ' ഒഴിക്കാൻ ബാത്‌റൂമിൽ കേറി...
കാലും കഴുകി ഇറങ്ങി വന്നു കുഴമ്പു നോക്കിയപ്പോ കുപ്പിയിൽ കുഴമ്പു പോയിട്ട് 'കു ' പോലുമില്ല..
കാര്യമറിയാതെ ചുറ്റും നോക്കിയ എന്റെ കണ്ണുകളെ പുളകമണിയിച്ച് ആ കാഴ്ച കണ്ട് ഹൃദയം  ദ്രിടംഗ പുളകിതമായി ..
ഓളെ കാലിൽ കുഴമ്പും തേച്ചു പിടിപ്പിച്ചു വിജയ ശ്രീലാളിതയായി ഉമ്മ ഇരിക്കുന്നു.. കൂടെ ഒരു ആത്മഗതോം ..
"ന്നാലും ന്റെ പടച്ചോനെ.. കാലം പോയ പോക്കെ.. കാലിൽ കുഴമ്പ് തേച്ചാൽ വേദന വരും പോലും... "
ഠിം..
അങ്ങനെ പേറ്റുനോവ് വരാൻ കാലിൽ കുഴമ്പും തേച്ചു ഉമ്മേം ഓളും കാത്തിരുന്നു...
കാലുവേദന കലഷമായപ്പൊൽ ഞാൻ ആ കുഴമ്പിന്റെ കുപ്പിയിൽ ഒന്നൂടെ നോക്കി..
ഹാവൂ.. സമാധാനം...!!!
കുറച്ചു ബാക്കിയിരിപ്പുണ്ട് .. അത് കാലിൽ തേച്ചേക്കാം എന്ന് കരുതി കുപ്പി കയ്യിലെടുത്തു..
"നീ എന്ത് ചെയ്യാൻ പോകുവാ??" ഉമ്മേടെ  ചോദ്യം..
"കുറച്ച് ബാക്കിയുണ്ട്.. അതെന്റെ കാലിൽ  തടവാൻ..."ഞാൻ അത് പറഞ്ഞതും ഉമ്മ രൂക്ഷമായൊന്നു നോക്കി..
"ഇനി അത് തടവിയിട്ടു വേണം നാട്ടുകാരെ കൊണ്ട് അതുമിതും പറയിപ്പിക്കാൻ...നമ്മുടെ കുടുംബത്തിൽ ഒരാണും ഇതുവരെ പെറ്റിട്ടില്ല.. അതോർത്ത്  വേണം ഓരോന്ന് ചെയ്യാൻ.. !!!"
അടുത്ത പഞ്ച്... അതെന്റെ നെഞ്ചിലാ കൊണ്ടേ..!!!

അതും പറഞ്ഞു ബാക്കിയുണ്ടായിരുന്നതും ചേർത്ത് ഉമ്മ ഓൾക്ക് തടവിക്കൊടുത്തു..
ഇപ്പൊ ഭംഗിയായി..!!!
"ന്നാലും കാലിൽകുഴമ്പു  തേച്ചാൽ എങ്ങനാണാവോ വയറ്റി വേദന വരിക..  " ഓളും ഉമ്മേം കുറെ ആലോചിച്ചു.. രണ്ടാക്കും ഒരു പിടീം കിട്ടീല്ല.. പക്ഷെ എനിക്കെല്ലാം പിടികിട്ടി..!!!
"ആ കുഴമ്പിന്റെ കാലാവധി കഴിഞ്ഞിരിക്കും.. അതാ വേദന വരാത്തെ .. രണ്ടാളും ഉറങ്ങിക്കോ തല്ക്കാലം.." അതും പറഞ്ഞു ഞാൻ കലിപ്പോടെ പുറത്തിറങ്ങി....
എന്നെ കണ്ടതും മേരി സിസ്റ്റർ എന്റെ അടുത്തേക്ക് നടന്നു വന്നു..
"കുഴമ്പു തേച്ചിട്ട് കാലു വേദന കുറഞ്ഞോ??" അവരുടെ ചോദ്യം..
കോ..കോ.. അല്ലേ വേണ്ട...  കോപ്പിലെ ആ ചോദ്യം കേട്ടപ്പോ തന്നെ കാലിന്റെ പെരുവിരലിൽ നിന്നും ഒരു രോമാഞ്ചം അങ്ങ് കേറിയതാ,നാക്കിലൊരു ചൊറിച്ചലും..
പക്ഷെ ഞാൻ പൊതുവെ ശാന്തനായത് കൊണ്ട് ഇത്ര മാത്രം പറഞ്ഞു..
"ഒവ്വ .. നല്ല കുറവുണ്ട്...ആശൂത്രിക്ക് ചുറ്റും പിന്നേം ഓടാൻ തോന്നണു.."
"അതാ.. നല്ല കുഴമ്പാ.. വേദന നല്ലോണം കുറയും.."
"ഒവ്വ.. നല്ലോണം കൊറയും ..ഇത്രേം വല്ലാണ്ട് കൊറയണ്ടാർന്ന്..."
എന്റെ ആ പറച്ചലിൽ ഒരു ആക്കലിന്റെ മണം അവർ അനുഭവിച്ചു കാണണം..!!!

അങ്ങനെ ആ രാത്രി തീര്ന്നു.. ഇനി നാളെ,
നാളെയാണ് ആ ദിവസം.. !!!ടെൻഷൻ നിറയുന്ന നിര്ണായക ദിവസം...!!!
തുടരും...

Wednesday, October 9, 2013

രണ്ടു ആദ്യരാത്രികൾ..!!!

രണ്ടു ആദ്യരാത്രികൾ..!!!

ഇപ്പോ ആന്തോളജിയുടെ കാലമാണല്ലോ.. അഞ്ച് പ്രണയ കഥകളുമായി "അഞ്ച് സുന്ദരികള്‍" , മൂന്നു  ആക്ഷൻ കഥകളുമായ്  "ഡി കമ്പനി " തുടങ്ങിയ സിനിമകൾക്ക്‌ ശേഷം ഇതാ,
മലയാള ബ്ലോഗ്ഗിങ്ങ് ചരിത്രത്തില്‍ ആദ്യമായി ഒരു ആന്തോളജി കഥ  ഇവിടെ, ഈ കണ്ണൂര്‍ പാസ്സഞ്ചറില്‍..
വിഷയം : ആദ്യ രാത്രി
കഥയുടെ പേര് : "രണ്ടു ആദ്യരാത്രികള്‍"
നിങ്ങളുടെ മനസ്സില്‍  ലഡ്ഢു പൊട്ടിയല്ലേ.. പൊട്ടും പൊട്ടും.. !!!
ഇനി കഥയിലേക്ക്...

1) റൊമാന്‍സിന്റെ ആദ്യരാത്രി..


ചരിത്രം ചിലപ്പോഴൊക്കെ വഴിമാറും..അതാ ചരിത്രത്തിന്റെ ഒരു ശീലം..!!!
അങ്ങനെ വഴിമാറി നിന്ന ഏതോ നേരത്ത് ഒരിക്കലും നടക്കില്ലാന്ന് കരുതിയ ഒരു കാര്യം നടന്നു..
റൊമാൻസ് ജീജുവിനു പെണ്ണ് കിട്ടി.. ഓന്റെ കല്യാണമുറപ്പിച്ചു..!!!
വിവരമറിഞ്ഞ നാട്ടിലെ സകല പെണ്‍കുട്ടികളുടെ അപ്പന്മാരും ബാറിൽ ഒത്തു കൂടി ആ ചരിത്ര സംഭവം ആഘോഷിച്ചു..

ആ കല്യാണ ദിവസമെത്തി.. ചരിത്രത്തിനു സാക്ഷിയാകാൻ ഞാനും ശിനുവും പ്രകാശും പോയി..
കല്യാണം പൊടിപൊടിച്ചു..
ഇനി ഓന്റെ ആദ്യരാത്രി.. അല്ല തെറ്റ്.. ആ വാചകം തെറ്റാണു.. അതിങ്ങനെ തിരുത്തി വായിക്കണം.
"ആ പെണ്ണുമായുള്ള ഓന്റെ ആദ്യരാത്രി.."
വൈകുന്നേരം വീട്ടിൽ നിന്നിറങ്ങാൻ നേരം ഞങ്ങൾ ഓനെ ഒന്നൂടി കണ്ടു..
"അളിയാ.. ഇന്നോളുടെ ആദ്യരാത്രിയാ.. അതോണ്ട് ആക്രാന്തം കാണിക്കരുത്.." ഞാൻ ഉപദേശിച്ചു..
"ന്നു വെച്ചാ??" ഓന്റെ ചോദ്യം..
"ന്നു വെച്ചാ.... നീ കേട്ടിട്ടില്ലേ, പയ്യെ തിന്നാ പനയും തിന്നാം എന്ന്.. അതന്നെ.." ഞാൻ വിശദീകരിച്ചു..
"കുറച്ചു സ്പീഡിൽ തിന്നാൽ രണ്ടു പന തിന്നാൻ പറ്റോന്നും നോക്കാലോ..."
ഓന്റെ കൌണ്ടർ പഞ്ച്...!!!
പിന്നെ ഞാനൊന്നും മിണ്ടീല..
"എന്നാ ഓക്കേ ഡാ.. ഞങ്ങളിറങ്ങുന്നു.. ഹാപ്പി ആദ്യ രാത്രി.." അതും പറഞ്ഞു ഷിനു അവനു കൈ കൊടുത്തു..
"സെയിം റ്റു യു ഡാ.."
എഹ്..
ഞങ്ങളിറങ്ങി.. ശിനുവിനു ഒടുക്കത്തെ ഡൌട്ട്..
"ഓനെന്തിനാ സെയിം റ്റു യു പറഞ്ഞെ.. ഇനി എനിക്കും കൂടി ഒരവസരം.. അതിനുള്ള സിഗ്നൽ  ആയിരിക്കോ അത്??"  ഓന്റെ ചോദ്യം..
"പോടാ.. വിവരമില്ലാത്ത ആ പൊട്ടൻ എന്തോ പറഞ്ഞെന്നു കരുതി മണ്ടനായ നീ ഓരോന്ന് കേറി സ്വപ്നം കാണ്.." അതും പറഞ്ഞു പ്രകാശ്‌ അവനേം വലിച്ചോണ്ട് പോയി..

അങ്ങനെ ആ ദിവസം കഴിഞ്ഞു.. അപ്പൊ ആദ്യരത്രിയോ എന്ന് നിങ്ങൾ ചോദിക്കും..
അതങ്ങനെ ഞാൻ പറയാനാ..?? ഒളിച്ചു നോട്ടം എനിക്ക് പതിവില്ലല്ലോ..
അതിനു റൊമാൻസിനെ വിളിക്കണ്ടേ.. ഓനല്ലേ പറയണ്ടേ..
പിറ്റേന്ന് ഞാൻ ഓനെ വിളിച്ചു..
"ഹലോ റൊമാൻസ്.. "
"ന്താടാ??"
"എങ്ങനുണ്ടായിരുന്നു..??"
"എന്ത്??"
"ഇറാക്കിലെ അമേരിക്കൻ അധിനിവേശം.!!! എടാ പൊട്ടാ.. അന്റെ ആദ്യ രാത്രി എങ്ങനുണ്ടായിരുന്നു എന്ന്.."
"ഉണ്ട.." അവനിൽ നിരാശ..
"ന്താടാ??"
"അതൊരു കഥയാ.. "
"ഇയ്യ്‌ പറഞ്ഞോ.. കേൾക്കാൻ രസമുള്ള കാര്യല്ലേ.." അതും പറഞ്ഞു ഞാൻ ഫോണ്‍ ലൌഡിൽ ഇട്ടു..
ഓൻ പറഞ്ഞു തുടങ്ങി..
"ഓള് പാലും പഴവുമായ് കേറി വന്നു..നാണത്താൽ ഓളുടെ മുഖം തുടുത്തു.. ഓള് കാല് കൊണ്ട് കളം വരച്ചു.."
"ന്തിനാ ?? അക്ക് കളിക്കാനോ..?? ഇന്ട്രോ തരാതെ കാര്യത്തിലേക്ക് കടക്കെടാ.." ഞങ്ങക്ക് കലിപ്പായി..
"ഉം.. ന്നാ പറയാം.. ഓള് കട്ടിലിൽ കിടന്നു.. ഞാനും.."
"എന്നിട്ട്?? "
"ഓളോട് ഞാൻ പതിയെ ചോദിച്ചു,'ഒരുമ്മ തരുവോ' എന്ന്...!!! "
"വാഹ്‌.. എന്നിട്ട് തന്നാ..??"
"ഇല്ല.. ഓൾക്ക് നാണം.. ഓള് മടിച്ചു നിന്ന്.."
"ന്നിട്ട്??"
"ഞാൻ പിണക്കം നടിച്ചു തിരിഞ്ഞു കിടന്നു..ഓള് പിറകിൽ വന്നു തരട്ടെ എന്ന് കരുതി.."
"ന്നിട്ട്??"
"എന്നിട്ട്.. ഓള് രാവിലെ ഒരു കോപ്പ ചായയുമായി വന്ന് വിളിച്ചപ്പോഴാ ഞാൻ എണീറ്റെ..!!! "
ഠിം..
"ശവം.." മൂന്നു മനസ്സുകൾ ഒരുമിച്ച് മന്ത്രിച്ചു..
"ക്ഷീണം ആയിരുന്നെടാ..ഒറങ്ങിപ്പോയി..പക്ഷെ ഓളപ്പോ പറഞ്ഞ വാക്ക്... ഹോ..അതോർക്കുമ്പോ...." ഓൻ പറഞ്ഞു നിർത്തി..
"ഒളെന്താ പറഞ്ഞെ??"
"ഓള് സുരാജ് വെഞ്ഞാറമൂട് പറയുമ്പോലെ പറയുവാ, 'ഇങ്ങനാണേൽ ഞാൻ കളിയ്ക്കാൻ നിക്കൂലായിരുന്നു.. ഉമ്മ തന്നേനെ.. ഇതൊരുമാതിരി......!!!' "
ഓൻ കണ്ണീരോടെ പറഞ്ഞു നിർത്തി..
"അല്ലേലും സ്പീഡിൽ രണ്ടു പന തിന്നാൻ പോയാ ഇങ്ങനാ..ഇയ്യ്‌ പഴംചൊല്ലു തിരിത്തിയപ്പോഴേ നിക്ക് തോന്നി.. ഇതിങ്ങ്നെ വരൂന്നു..ശവം.."
കലിപ്പോടെ ഞാൻ ഫോണ്‍ കട്ട്‌ ചെയ്തു..

2) ബിലാലിക്കയുടെ ആദ്യരാത്രി..

ബിലാലിക്ക.. മ്മടെ നാട്ടിലെ തലമൂത്ത ഇക്കയാ..
ബിലാലിക്കയെ പരിചയപ്പെടുന്നതിനു മുമ്പ് മൂപ്പരുടെ വാപ്പയെ പരിചയപ്പെടുത്താം..
അലവിക്ക.. നാട്ടിലെ ബല്യ സെക്കന്റ്‌ ഹാൻഡ്‌ കച്ചോടക്കാരൻ.. ആരോടും എന്തും വെട്ടിത്തുറന്നു പറയേം ചെയ്യേം ചെയ്യുന്ന ബല്യക്കാട്ടെ ഒരു മനുഷ്യൻ..!!!

ഇനി ബിലാലിക്കയിലെക്ക് ..
മൂപ്പര് പാവാ.. വയസ്സ് 32.. ചെങ്ങായിമാർ  18 വയസ്സ് മുതൽ 25 വയസ്സ് വരെയുള്ള  പിള്ളേര് സെറ്റ് ... വിഭാര്യൻ, കാരണം കല്യാണം കഴിച്ചാലല്ലേ  ഭാര്യ ഉണ്ടാകു..മൂപ്പരുടെ കല്യാണം കഴിഞ്ഞിട്ടില്ല.. കാരണം അലവിക്ക ഇതുവരെ അങ്ങനെ ഒരു സംഭവം നടക്കാനുണ്ട് എന്ന് ഓർത്തെ ഇല്ല..
പക്ഷെ ബിലാലിക്ക എപ്പോഴും അതോർക്കും.. പക്ഷെ ആരോടും ഒന്നും പറഞ്ഞില്ല, കാരണം ബിലാലിക്ക പാവല്ലേ..!!!
പക്ഷെ ഒരിക്കൽ ബിലാലിക്കയിലെ ബലാൽ സഹികെട്ട് പുറത്തു ചാടി.. എന്നിട്ട് ഉപ്പാനോട് ഒരൊറ്റ ചോദ്യാ..
"ഇങ്ങള് സത്യം പറയണം.. ഇങ്ങള് സെക്കന്റ്‌ ഹാൻഡ്‌ സാധനത്തിന്റെ ആളല്ലേ..ഞാനും ഇനി സെക്കന്റ്‌ ഹാൻഡ്‌ സാധനം വല്ലോമാണോ??" എന്ന്..
ആ ചോദ്യം അലവിക്കയുടെ ഖൽബിലാ കൊണ്ടേ..!!!
പിന്നെല്ലാം പെട്ടെന്നായിരുന്നു..
ദിവസങ്ങൾക്കുള്ളിൽ പെണ്ണുകാണലും, ഒറപ്പീരും ഫോണ്‍ വഴി ബിലാലിക്കയുടെ ഒലിപ്പീരും എല്ലാം  കൊടുമ്പിരി കൊണ്ടു..
കല്യാണ വീടൊരുങ്ങി.. ആ വീട് സെക്കന്റ്‌ ഹാൻഡ്‌ സാധങ്ങൾ കൊണ്ട് നിറഞ്ഞു..
കല്യാണായി.. ബിലാലിക്കയുടെ ആദ്യരാത്രിയും..!!!

ആ കഥ ബിലാലിക്ക രണ്ടാം ദിവസം ഞങ്ങളോട് പറഞ്ഞു തുടങ്ങി..
"ഓള് ഒരു ഗ്ലാസ്‌ മില്മാ പാലുമായ് അറയിലേക്ക് വന്ന്..ന്റെ മനസ്സില് പൂത്തിരി.."
"ന്നിട്ട്..??" ഞങ്ങൾ ആകാംഷ സഹിക്കാതെ ചോദിച്ച്..
"ഓളുടെ കയ്യീന്ന് പാല് വാങ്ങി കൊറച്ചു ഞാൻ കുടിച്ച് ബാക്കി ഓക്കന്നെ കൊടുത്തു..ഓളും കുടിച്ച്.."
"ഇങ്ങള് കാര്യത്തിലേക്ക് വാ എന്റെ ബിലാലിക്ക.. " കൂട്ടത്തിലെ 18 വയസ്സുകാരാൻ തടത്തിക്കുന്നു സുനൈസ് നഖം കടിചോണ്ട് ഒരലർച്ച..
"ഉം.. വരുവാ.. ഓളെ ഞാൻ കട്ടിലിൽ പിടിച്ചിരുത്തി.. കട്ടില നല്ലൊച്ചയോടെ ഒന്നുലഞ്ഞു."
ക്ർ..
"ഞാനും കട്ടിലേൽ കേറി ഇരുന്നു.. കട്ടില പിന്നേം കരഞ്ഞു.."
ക്ർ..ക്ർ..
"അത് കേട്ട് വീട്ടിലെ പല റൂമിലും ലൈറ്റ് തെളിഞ്ഞു.. ഞാനതൊന്നും ശ്രദ്ധിക്കാതെ ഓളെ കട്ടിലിൽ കിടത്തി..കട്ടില പിന്നേം കരഞ്ഞു.."
ക്ർ..ക്ർ.. ക്ർ..ക്ർ..
"പിന്നെ ഞാനും പതിയെ കിടന്നു.. കട്ടില അപ്പൊ നിലവിളിച്ചു.."
ക്ർ..ക്ർ.. ക്ർ..ക്ർ..ക്ർ..ക്ർ..
"വീട്ടിൽ സകല കുട്ട്യോളും ആ ഒച്ച കേട്ട് ചാടി എണീറ്റ്‌ കരയാൻ തുടങ്ങി..സെക്കന്റ്‌ ഹാൻഡ്‌ കട്ടില തന്നെ ഇവിടേം കൊണ്ടിട്ടല്ലോ എന്നോർത്ത് ഉപ്പാനെ ഞാൻ മനസ്സറിഞ്ഞു പ്രാകി.."
"ന്നിട്ട്??"
"ഓളോട് ഞാൻ പതിയെ പറഞ്ഞു,'ഞമ്മക്ക് താഴെ കിടക്കാം.. കട്ടില പെശകാ..'"
"എന്നിട്ട് കെടന്നാ.."
"ഇല്ല.. ഓള് പറഞ്ഞു,'നിക്ക് തറേൽ കെടന്നാ നടുവേദന വരും.. ഇക്ക താഴെ കിടന്നോ.. ഞാൻ ഇവിടെ കിടന്നോളാം'.. "
"ന്നിട്ട്??" ഞങ്ങളിൽ നിരാശ പടർന്നു..
"എന്തേലും വരട്ടെ എന്ന് കരുതി ഞാൻ പിന്നേം കട്ടിലിൽ കേറി കിടന്നു.. കട്ടില വിട്ടില്ല.."
ക്ർ..ക്ർ.. ക്ർ
"അത് കേട്ട വാപ്പ രണ്ടു ചൊമ ചൊമച്ചു..അത് ചൊമയല്ല,എനിക്കുള്ള സിഗ്നലാന്നപ്പോ തന്നെ നിക്ക് പിടികിട്ടി.. ഞാൻ പതിയെ താഴെ ഇറങ്ങിക്കിടന്നു.."
ഞങ്ങൾ നിരാശരായി പരസ്പരം നോക്കി..
"പക്ഷെ അതോണ്ടൊന്നും തീർന്നില്ല മക്കളെ.." ബിലാലിക്ക തുടർന്ന്.. ഞങ്ങളിൽ പിന്നേം പ്രതീക്ഷ പൂത്തു..
"അല്ലേലും അവിടെ തീരില്ലല്ലോ..എന്താ ന്നിട്ടായെ..??" സുനൈസിന്റെ ചോദ്യം..
"ഓള് ഒറക്കത്തിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു.. കട്ടില നിലവിളിയോ നിലവിളി.. "
ക്ർ..ക്ർ.. ക്ർ..ക്ർ..ക്ർ..ക്ർ.. ക്ർ..ക്ർ..
"ഒളൊഴികെ പോരേലെ ആരും ഒറങ്ങീല ..പാതി രാത്രിയിൽ ഉപ്പ വാതിലുമുട്ടി പറയുന്നത് കേട്ട്,'മതി മോനെ.. ബാക്കി നാളെയാകാം എന്ന്..' പാവം ഉപ്പേടെ രോദനം.."
ഒരു കണ്ണീരോടെ ബിലാലിക്ക പറഞ്ഞു നിർത്തി..!!!

ദൂരെ ബിലാലിക്കയുടെ വീട്ടിൽ നിന്നും ശക്തമായ ഒച്ച കേട്ട് ഞങ്ങൾ അങ്ങോട്ട്‌ നോക്കി..
നോക്കുമ്പോൾ അലവിക്ക ബിലാലിക്ക കിടന്ന കട്ടില വലിച്ച് പുറത്തിട്ടു നാല് കാലിലും ആണിയടിച്ചു കേറ്റുന്നു..
ഇത് കണ്ട പൊടിപ്പിള്ളേരു പോലും ആക്കിയ ചിരി ചിരിച്ചു..
ബിലാലിക്കയുടെ ചങ്കു പൊടിഞ്ഞു..
"മനപ്പൂർവാ....ന്റെ നെഞ്ചിലാ അങ്ങേരു ആണിയടിച്ചു കേറ്റുന്നെ..അല്ലേൽ അകത്തൂന്ന് ചെയ്താൽ പോരെ അത്.. ശവം..!!!"
അതും കഴിഞ്ഞു ബിലാലിക്ക ഒന്നോടെ പറഞ്ഞു,
"ചരിത്രം ആവേം ചെയ്തു, ചാരിത്രം പോയെമില്ല.. ശോ..!!! "

Thursday, May 23, 2013

കിളി പോയി...:)

കിളി പോയി...:) -Based on a True Story
                                                    

ഈ കിളി അസിഫലിയുടെ ആ കിളി അല്ല.. ഇത് വേറെ കിളി..
പക്ഷെ ആ കിളിക്കഥ പോലെ ഈ കിളിയും ഒരല്പം  "A " തന്നാ... (പ്രായപൂര്‍ത്തി ആയി എന്നുറപ്പുള്ളവര്‍ മാത്രം വായിക്കുക )
ഈ കിളി പോയത് എങ്ങോട്ടാണ്...??
കഥ തുടങ്ങുന്നു..

"അളിയാ, ഞാന്‍ അവളെ വീടുവാ..."
ലോലന്‍ അതു പറഞ്ഞതും ഞങ്ങളില്‍ വെള്ളിടി വെട്ടി..
"ഈശ്വരാ.. ഇവന്‍ ഇതെന്താ ഈ പറയുന്നത്‌.. ??"
ഞങ്ങള്‍ സുഹൃത്തുക്കള്‍ പരസ്പരം ചോദിച്ചു...

ഇനി ഫ്ലാഷ് ബാക്ക്..
ലോലന്‍, ലോലഹൃദയര്ക്കായ് ഒരു രാജ്യം ഉണ്ടെങ്കില്‍ ഞങ്ങളുടെ സുഹൃത്ത് ബാലന്‍ അവിടത്തെ രാജാവാകും.. ബാലരാജാവ്.. അല്ല, ലോലരാജാവ്...
നട്ടുച്ചക്ക്‌ പൊരി വെയിലത്ത്‌ കൊണ്ട് നിര്‍ത്തി ഇപ്പോ രാത്രിയാണ് എന്നു പറഞ്ഞാല്‍ പോലും ലോലന്‍ അതു വിശ്വസിക്കും.. എന്നിട്ടു ചോദിക്കും "ഇന്നു ചന്ദ്രനു എന്താ വെളിച്ചം അല്ലേ" എന്നു.. !!!
പക്ഷേ ലോലന്‍ ബുദ്ധിമാന്‍ കൂടിയാണ്.. ഏതു കുരുക്കിൽ നിന്നും  നിന്നും തന്റെ കുരുട്ടുബുദ്ധി  ഉപയോഗിച്ച്‌ തല ഊരിയിരിക്കും ഈ ലോലന്‍..!!!

മാസങള്‍ക്ക് മുമ്പുള്ള ഒരു ദിവസം...
പതിവിനു വിപരീതമായി ലോലന്റെ കറുത്ത മുഖം ഒന്നുകൂടി മേഘാവൃതമായി കാണപ്പെട്ടു..അതു കണ്ട ഞങ്ങള്‍ സുഹൃത്തുക്കള്‍ ലോലന്  ചുറ്റിലും കൂടി..
അതു കണ്ടപ്പോള്‍ ആ മുഖം  ഒന്നു കൂടി  കറുത്തു, ഒരു മാതിരി കറുത്ത വാവിന്‌ പവര്‍ കട്ട് വന്നത്‌ പോലെ..
"എന്താ ലോല, അന്റെ പ്രശ്നം??"
ഹംസ അതു ചോദിച്ചതും ലോലന്‍  ഒന്നു കൂടി സെന്റി ആയി..പവര്‍ കട്ട് കഴിഞ്ഞു അന്തകാരം ..!!!
"എന്തായാലും ഇയ്യ് തൊറന്ന്  പറയ്‌.. "
"നിക്ക് മാത്രം ഇല്ല..അതെന്നെ ന്റെ പ്രശ്നം.." ലോലന്‍ പറഞ്ഞൊപ്പിച്ചു..
"അന്റെ എന്തേലും പട്ടി കൊണ്ട്‌ പോയോ ലോലാ.." ലോലന്റെ സങ്കടം കണ്ടു സഹിക്കവയ്യാതെ സിനു വിഷമത്തോടെ ചോദിച്ചു..
"ഒരു പട്ടിയും ഒന്നും കൊണ്ട്‌ പോയില്ല.. പക്ഷേ എനിക്ക്‌ മാത്രം ഇല്ല.."
ഞാനവനെ അടിമുടിയൊന്നു നോക്കി, 'ഇനി ഇവന്റെ അനുഭവമാണോ 22 ഫീമേല് കോട്ടയം ഇറക്കാന് പ്രചോദനം ' എന്ന സംശയത്തോടെ...
"ജനിച്ചിട്ടിത്രേം കാലമായിട്ടും ഇപ്പോഴാണോ അതില്ലന്നു നിയ്ക്ക്‌ മനസിലായത്.. എന്നിട്ട്‌ ഇയ്യ് ഇതുവരെ ആശുപത്രീലും കാണിച്ചില്ലെ...??"
"എടാ പൊട്ടാ.. അതൊക്കെ എനിക്കും ഉണ്ട്‌.. എനിക്കില്ല എന്നു പറഞ്ഞത് വേറൊന്നാ.."
ലോലന്‍  ചൂടനായി..
"അതെന്തോന്ന്???" ഞങ്ങളെല്ലാരും ഒരുമിച്ചു ചോദിച്ചു..
"സ്നേഹിക്കാന്‍ ഒരു പെണ്ണ്.." ലോലന്‍ സങ്കടത്തില്‍ ഒരല്‍പം നാണം കലര്‍ത്തി മറുപടി പറഞ്ഞു..
"എന്താന്ന്???"
"നിങ്ങളൊക്കെ ഓരോ പെണ്ണിനേം വിളിച്ചു സംസാരിക്കുന്നത് കാണുമ്പോള്‍ എനിക്ക്‌ നല്ല വിഷമം വരാറുണ്ട്..ഇത്രേം കാലം മനസ്സില്‍ ഒരു മുറിവായ് ഈ കാര്യം എന്ന വേട്ടയാടുന്നുണ്ടായിരുന്നു ഈ കാര്യം " ലോലന്‍ സാഹിത്യത്തിന്റെ പാരമ്യത്തില്‍ ആ വലിയ സത്യം വെളിപ്പെടുത്തി..!!!

"അറിഞ്ഞില്ലല്ലോ മുത്തേ..അന്റെ മനസ്സില്‍ ഇങ്നൊരു നീറ്റല്‍ ഉള്ള കാര്യം..അറിഞ്ഞില്ലല്ലോ മുത്തേ..." സാഹിത്യത്തില്‍ ഞമ്മളോടാ ഓന്റെ കളി..
"ഇന്റെ വിഷമത്തില്‍ അന്നേക്കാള്‍ വിഷമം ഇപ്പോ നിക്കുണ്ട്‌..അതോണ്ട് ..." സിനു പറഞ്ഞു തുടങ്ങി..
"അതോണ്ട് ??" ലോലനില്‍ പ്രതീക്ഷ മുഴച്ചു..
"അതോണ്ട് .. ഇന്നനക്ക് വേണ്ടി സമര്‍പ്പിക്കും എന്റെ ഇന്നത്തെ വെള്ളമടി.." അതും പറഞ്ഞു സിനു ബാറിലെക്കോടി...
ഓണം,ക്രിസ്മസ്‌,വിഷു,മരണം,കല്യാണം,അടിയന്തിരം... ആഘോഷം എതുമാവട്ടെ.. പോക്ക് ബാറിലേക്ക്‌ തന്നെ.
ശവം...!!!
"ലോലാ.. അന്റെ സങ്കടം തീര്ത്തില്ലേല്‍ പിന്നെ എന്തിനാടാ ഞമ്മള്‍ അന്റെ ചെങ്ങായിമാരാന്നു  പറഞ്ഞു നടക്കുന്നേ.. അന്റെ സങ്കടം ഞമ്മളു തീര്‍തതിരിക്കും.. " ഹംസ നെഞ്ച് വിരിച്ചു വിളിച്ചു പറഞ്ഞു..
"എങ്ങനെ???"
"എങ്ങനെ???"
"എങ്ങനെ???"
"എങ്ങനെ???"
ചോദ്യങ്ങള്‍ അലയടിച്ചു...
"ഇന്നു മുതല്‍ ഒരു മാസത്തിനുള്ളില്‍ ലോലന്റെ ലോല മനസ്സില്‍ പ്രണയത്തിന്റെ വിത്ത്‌  വിളയിച്ചിരിക്കും .. അതു കഴിഞ്ഞിട്തേ ഉള്ളൂ മറ്റെന്തും..!!!"
ഞങ്ങള്‍ പ്രതിക്ഞ  എടുത്തു..
ലോലന്‍  പുഞ്ചിരി തൂകി ചുറ്റിലും വെളിച്ചം വാരി വിതറി..

ഒരു മാസം കഴിഞ്ഞു..
ലോലന്‌ വേണ്ടി പെണ്ണാലോചിച്ചു എല്ലാവന്മാര്‍ക്കും രണ്ടും മൂന്നും ലൈന് ആയതല്ലാതെ ലോലന്‌ ഒരു പെണ്ണ് പോയിട്ട്‌ പിടക്കോഴി പോലുമായില്ല, എന്നു മാത്രമല്ല വീട്ടിലുണ്ടായിരുന്ന പൂവന്‍ കോഴിയെ കുറുക്കന്‍ കൊണ്ട്‌ പോവുകേം ചെയ്തു.. ലോലന്‌ പിന്നേം പവര്‍ കട്ട് ..!!!
രണ്ടു ദിവസങ്ങള്‍ക്ക് ശേഷം ഒരു ലോഡ് പുഞ്ചിരിയും അര ലോഡ് റീചാര്ജ് കൂപ്പണുമായി  ലോലന്‍ ഞങ്ങളുടെ അടുത്തേക്ക്‌ ഓടി വന്നു..
"എന്താ ലോല.. ഇയെതേലും റീചാര്ജ് കട കുത്തിത്തുറന്നോ ....??" ഞാന്‍ ചോദിച്ചു...
"ഇല്ല.. നിക്ക് ലൈന് ആയി.. " ലോലന്‍ സന്തോഷത്തോടെ പറഞ്ഞു..
അതു കെട്ടതും ഞങ്ങളൊന്ന് ഞെട്ടി...
"ന്റെ ദേവീ.. ബണ്‌ടിചോറ് ഷൂക്കൂറിന്റെ പഴേ വെസ്പ മോഷ്ട്ടിചൂന്ന്  പറഞ്ഞോലേ ആയല്ലോ.. അനക്കും ലൈനാ?? " സിനുവിന്റെ കൌണ്ടര്‍..
ലോലന്റെ കലിപ്പ് നോട്ടം..
"ആ റീചാര്ജ് കടയിലിരിക്കുന്ന അമ്മച്ചിയാണോ അനക്ക് ലൈന് ആയത്‌.." സംശയം ജാബിക്ക്...
"അല്ലടാ.. വഴി തെറ്റി വന്ന ഒരു ഫോണ്‍ വിളിയില്‍  തുടങ്ങിയതാ.."
"വഴി തെറ്റാതിരുന്നാല്‍ മതിയായിരുന്നു..."എന്റെ ആത്മഗദം..
"ഇതിപ്പോ രണ്ടു ദിവസായി..എല്ലാം ഓകേ ആയിട്ട്‌  പറയാമെന്നു വെച്ചു.. ഇതു ഓള്‍ക്ക്‌ വിളിക്കാനുള്ള റീചാര്ജ് കൂപ്പണാ..."
"ഇയ്യ് കൂപ്പണ് തിന്നോണ്ടാണോ  ഓള്‍ക്ക്‌ വിളിക്കാന്‍ പോന്നേ?" ഹംസ സംശയത്തോടെ ചോദിച്ചു..
"ന്തേ??"
"അല്ല.. ഇത്രേം കൂപ്പണ് ഉള്ളോണ്ട് ചോദിച്ചു പോയതാ.. "
"ന്റെ കിനാവ്‌ നേരായ സമയാ ഇത്‌.. ഓളോട് സംസാരിച്ച്‌ മരിക്കണം.. " ലോലന്‍ ബെല്ലാണ്ടങ്ങ്‌ പോയേക്കണ്..
"അല്ലേലും പറമ്പില്‍ കാര്യം നടത്തിക്കൊണ്ടിരിക്കുന്നോന് യൂറോപ്യന്‍ ക്ലോസെറ്റ് കണ്ടാ ഇതാ കൊയപ്പം..ഇങ്ങനെ പലതും തോന്നും.. " ഹംസേടെ കണ്ടു പിടിത്തം..
ലോലന്‍ ഒന്നും പറയാന്‍ നിന്നില്ല.. ഓന്‍ ഒരു സെന്റി നോട്ടം നോക്കിയിട്ടങ്ങ് പോയി..

ഏതായാലും ഞങ്ങള്ക്ക് നല്ല സന്തോഷമായി.. ലോലന്റെ കാര്യത്തിലും ഒരു തീരുമാനമായാല്ലോ.. അതു മതി.. ഞങ്ങള്ക്ക്  അതുമതി..
അവനും അങ്ങനെ പണ്ടാരമടങ്ങട്ടെ...!!!

അങ്ങനെ ലോലന്‍ പുഷ്പ്പിച്ചു..
കൃത്യം ഒരു മാസത്തിനു ശേഷമാണ്‌ ഇപ്പോള്‍ ലോലന്‍ ആ തീരുമാനമെടുത്തത്‌.. അതാണവന്‍ ഞങ്ങളോട് പറഞ്ഞിരിക്കുന്നത്‌...
"അളിയാ, ഞാന്‍ അവളെ വീടുവാ..."
ഇവനെന്താ പ്രാന്താ...!!!
"ന്താ ലോലാ.. അനക്കിപ്പോഴും പറമ്പ് തന്നെയാ ഇഷ്ടം..??" ഹംസ കലിപ്പ് തലേ കേറി ചോദിച്ചു..
ലോലന്‍ ഒന്നും മിണ്ടിയില്ല...
"എന്താ കാര്യം എന്നു പറയെടാ.." ഞാന്‍ ലോലണോട് ചോദിച്ചു..
"അത്‌..."
"അത്‌??? "
"ഒളൊന്നും  സംസാരിക്കുന്നില്ലെടാ... "ലോലന്റെ നിശകളങ്ക മറുപടി..
"പിന്നെ നീ ഒരു കൊട്ട റീചാര്ജ് കൂപ്പണും  വാങ്ങി പോയത്‌ കാപ്പിയിട്ടു കുടിക്കാനാരുന്നോ ??" സിനു ചൂടായി.
"ആ റീചാര്ജ് കൂപ്പണ്‍  അതു പോലെ വീട്ടിലുണ്ട്‌.. ഒരു ദിവസം 5 മിനിട്റില്‍ കൂടുതല്‍ ഓള്‍ സംസാരിക്കില്ല .. അതോണ്ട്  തന്നെ എനിക്ക്‌ മടുത്തു.."
"അതിരിക്കിട്ടേ..നിങ്ങള്‍ എന്തൊക്കെയാ സംസാരിക്കാറ്..??" എന്റെ ചോദ്യം..
"ചുമ്മാ..ഞാന്‍ ഓരോ നാട്ടു വിശേഷങ്ങള്‍ ഇങ്ങനെ പറഞ്ോണ്ടിരിക്കും.. ഓളൊന്നും മിണ്ടില്ല.. "
"നട്ടു വിശേഷങ്ങള്‍.. ചക്കപ്പശ....!!! ഒന്നു പോടാ ചെക്കാ.. ഇത്രമാത്രം സംസാരിക്കാന്‍ ഈ നാട്ടിലെന്തോ വിശേഷമാ സംഭവിക്കുന്നത്‌..പെട്രോളിന് വില കൂടുന്നതോ?" സിനു ചൂടായി..
"പിന്നെ ഞാനെന്തോ സംസാരിക്കാനാണെടാ " ലോലന്‍ പിന്നേം ലോലനായി..
"എടാ.. നീ 'മറ്റേതു ' സംസാരിച്ചു തുടങ്ങൂ.. തുടങ്ങിക്കഴിഞ്ഞാല്‍ നീ വിളിച്ചില്ലേല്‍ പോലും അവള്‍ ലോണ്‍ എടുത്തിട്ടാണേലും  രീചാര്ജ് ചെയ്തു നിന്നെ വിളിച്ചോളും .." സിനു പതിയെ പറഞ്ഞു..
"മറ്റേതോ??? എന്നു വെച്ചാല്‍...???" ലോലന്‌ സംശയം..
"എന്റെ ലോലാ.. കാലാ.. " സിന് പിന്നേം ചൂടായി..
പിന്നെ ലോലന്റെ ചെവിയില്‍ എന്തൊക്കെയോ മൊഴിഞ്ഞു..
ലോലന്‍ പുളകിതനായി.. ദ്രിടംഗ പുളകിതന്‍..രോമാഞ്ചം ലോലനില്‍ ജാഥയായി വന്നു...
"ഇതു വല്ലോം നടക്കുമോ??" ലോലന്‍ സിനുവിനെ കെട്ടിപ്പിടിച്ചു ചോദിച്ചു..
"നടക്കും.. " സിനുവിന്റെ ഉറപ്പ്..

ഞങ്ങള്‍ ഒന്നും മിണ്ടാതെ മാറി നിന്നു.. ഞങ്ങളില്‍ ഒരുപാട് ചോദ്യങ്ങള്‍ അലയടിച്ചു...
ഇതു വല്ലതും നടക്കുമോ??
നടന്നാല്‍ അവള്‍ കിടക്കും..
നടന്നില്ലേല്‍ ലോലന്‍  കിടക്കും..അല്ലേല്‍ അവളുടെ ആങ്ങളമാര്‍ കിടപ്പിലാക്കും ...
രണ്ടായാലും  സര്‍ക്കാര്‍ ആശുപത്രിയില്‍ ഒരു ബെഡ് ബുക് ചെയ്യേണ്ടി വരും ഉറപ്പാ....!!!

അടുത്ത ദിവസം..
രാത്രി 10 മണി.. വായനശാലയില്‍ ഞാനും സിനുവും മാത്രം..
ഞാന്‍ പത്രം വായിക്കുന്നു..
കുറച്ചു കഴിഞ്ഞപ്പോള്‍ ലോലന്‍  ഫോണുമായി വായനശാലയിലേക്ക്..
"അളിയാ.. ലിവന്‍ പറഞ്ഞത് പോലെ ഞാന്‍ ലവളോട്  സംസാരിക്കാന്‍ പോകുവാ.. " അവന്‍ പറഞ്ഞു..
"ലോലാ.. നാവടക്കൂ ....പണിയെടുക്കൂ.. "
ലോലന്റെ ധൈര്യത്തില്‍ നല്ല വിശ്വാസമുള്ള  ഞാന്‍ അതും പറഞ്ഞു പത്രം വായന തുടര്‍ന്നു.
ലോലന്‍ അങ്ങനൊന്നും സംസാരിക്കില്ല..
കാരണം ലോലന്‍ ലോലനാണ്....!!!!

ഏതായാലും ലോലന്‍ ഫോണ്‍ വിളിച്ചു.. ലൌഡ് സ്പീക്കറില്‍ ഇട്ടു..
അപ്പുറത്ത് കിളി നാദം.. ('കാ...കാ... ')
"ഹെലോ.. സുഖമാണോ.. ?" വിറയാര്‍ന്ന ശബ്ദത്തോടെ ലോലന്‍  തുടങ്ങി..
'സുഖം വേണോ എന്നു ചോദിക്കാന്‍  വന്നവന്റെ ഒരു ചോദ്യം..' ഞാന്‍ മനസ്സില്‍ പറഞ്ഞു..
"ഉം.. സുഖം..ചേട്ടനോ??"
'ചേട്ടന് ഇച്ചിരി വട്ടിന്റെ അസ്ക്യത ഉണ്ട്‌..'
"എനിക്കും സുഖം.. വീട്ടില്‍ ഇപ്പോ ആരൊക്കെ ഉണ്ട്‌..??"
" അച്ചനുണ്ട് ... അമ്മയുണ്ട്...ചേട്ടനുണ്ട്‌... ചേച്ചിയുണ്ട്....." അവള്‍ വിശദീകരിച്ചു തുടങ്ങി..
'എല്ലാരും ഉണ്ടെങ്കില്‍ അവളോടും ഉണ്ട്‌ കിടുന്നുറങ്ങാന്‍ പറയേടാ __________ മോനേ......' ലോലന്‍ വിഷയത്തിലേക്ക് കടക്കാത്തതില്‍ മനം നൊന്ത് സിനു പല്ല് കടിച്ചു കൊണ്ട് പറഞ്ഞു...
ലോലന്‍ ഒന്നും ശ്രദ്ധിക്കാതെ ഫോണ്‍ വിളിയില്‍ തന്നെ..
"അതേ.. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ പ്രിയേ???"
'ഡേയ്..ലവളുടെ പേര് പ്രിയ എന്നാണോ??? സിനു എന്നോട്‌ സംശയം ചോദിച്ചു..
'പ്രിയ അല്ല.. ദാക്ഷായണി.. മിണ്ടാതെ അവന്‍ പറയുന്നത്‌ കേള്‍ക്കെടാ... ' എന്നും പറഞ്ഞു ഞാന്‍ പത്രം വായന തുടര്‍ന്നു..
"പറഞ്ഞോളൂ ചേട്ടാ.." അവളുടെ മറുപടി..
"ഇപ്പോള്‍ അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍.........." ലോലന്‍ വികാരം പൂണ്ടു..
"ഉണ്ടായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നു ചേട്ടാ......."
'ഏ.. ലവളും....അപ്പോ സിനു പറഞ്ഞത് ശരിയായിരുന്നോ..' ഞാന്‍ പതിയെ പത്രം താഴ്ത്തി,ലോലന്റെ അടുത്ത  വാക്കിനായ്‌ കാതോര്‍ത്തു..
"ഉണ്ടായിരുന്നെങ്കില്‍, നിന്റെ മടിയില്‍ ഞാന്‍ തലവെച്ച്‌....................." ലോലന്‍ വികാരം പിന്നെയും എവിടെ നിന്നൊക്കെയോ കടമെടുത്തു...
ഞങ്ങളില്‍ കുളിര് കോരി...വായിച്ചു കൊണ്ടിരുന്ന പത്രം ഞാന്‍ വലിച്ചെറിഞ്ഞു...
 'പോട്ടെ,പുല്ല്... ''

ചെവിയില്‍ ലോലന്‍ പറഞ്ഞു വാക്കുകള്‍ പിന്നെയും മുഴുകി,
"ഉണ്ടായിരുന്നെങ്കില്‍, നിന്റെ മടിയില്‍ ഞാന്‍ തലവെച്ച്‌....................."
"തലവെച്ചിട്ട്‌..........???? :@"ആ ചോദ്യത്തില്‍ വായനശാല വിറച്ചു....
ഈശ്വരാ... ഞങ്ങളുടെ പ്രതീക്ഷകള്‍ക്ക് വിപരീതമായി വളരെ രൂക്ഷമായിരുന്നു അവളുടെ മറുചോദ്യം..
.ദേഷ്യം കൊണ്ട് അവളുടെ ശബ്ദം പോലും വിറച്ചു...
ഞങ്ങള്‍ പോലും പതറി.. അപ്പോ ലോലന്റെ കാര്യം പറയണോ...???
പക്ഷേ ലോലന്‍ തളര്‍ന്നില്ല.. ലോലന്‍ പറഞ്ഞു തുടങ്ങി..
"തല വെച്ചിട്ടെന്താ... നിന്നെ കൊണ്ട് പേന്‍  നോക്കിക്കും...അല്ലാതെന്താ...."
ഠിം.. ഠിം...

രോമാഞ്ചം അടങ്ങി....വലിച്ചെറിഞ്ഞ പത്രത്തിനായ് ഞാന്‍ തേടി നടന്നു...
പത്രത്തില്‍ കുറഞ്ഞത് രണ്ടു പീഡന വാര്ത്തയെങ്കിലും കാണും...ഇവന്‍ പേന്‍ നോക്കിക്കും പോലും.. ഫൂ...
അവള് തുടര്ന്നു..
"അതായിരുന്നോ.... ഞാന്‍ കരുതി..  "അതും പറഞ്ഞു അവള്‍ ഫോണ്‍ കട്ട് ചെയ്തു..
ഇതുവരെ പിടിച്ചു നിന്ന ലോലന്‍ അപ്പോഴൊന്ന് പതറി..
'അപ്പോ ഓളുടെ  ശബ്ദം വിറച്ചത് ദേഷ്യം കൊണ്ടല്ലായിരുന്നോ ?? ഛെ.. പേന്‍ നോക്കിക്കേണ്ടായിരുന്നു ...' ലോലന്റെ അതമഗധം... 
"പേന്‍ നോക്കുന്നത്‌ അത്ര വല്യ തെറ്റാണോടാ ??" ലോലന്റെ ചോദ്യം...
"അതല്ല.. പക്ഷേ പാതിരാത്രി ഒരു പെണ്ണിനെ  വിളിച്ചുണര്‍ത്തി  പേന്‍  നോക്കുന്നത്‌ ബല്യക്കാട്ടെ ക്രൂരതായാ.. പ്രതേകിച്ചെന്നോടും സിനുവിനോടും ചെയ്ത ക്രൂരത... " ന്റെ വിഷമം ഞാൻ തുറന്നു പറഞ്ഞു..
ലോലന്‍ അവളുടെ നമ്പറില്‍ ഒന്നു കൂടി വിളിച്ചു..
'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്ക്രൈബര് തിരക്കിലാണ്‌...' ലോലന്‍ നിരാശനായി..
"അളിയാ.. സിനു എവിടെ?" ലോലന്‍ ചോദിച്ചു..
ഞാന്‍ ചുറ്റിനും കണ്ണോടിച്ചു.. കാണുന്നില്ല..
പിന്നെ അവന്റെ നമ്പറില്‍ വിളിച്ചു... അപ്പോഴും നേരത്തെ കേട്ട അതേ വാക്യം തന്നെ  ബാലന്സ് ഇല്ല എന്നു എന്നും  പറയാറുള്ള  പെണ്ണ്  മൊഴിഞ്ഞു..
'നിങ്ങള്‍ വിളിക്കുന്ന സബ്‌സ്ക്രൈബര് തിരക്കിലാണ്‌...'
"അവളുടെ നമ്പര്‍ നീ അവന് കൊടുത്തായിരുന്നോ ??" തലയ്ക്കു മുകളില്‍ കത്തിയ ബള്ബ്  ഓഫ്‌ ചെയ്യാതെ ഞാന്‍ അവനോട് ചോദിച്ചു...
"ഒരിക്കല്‍ അവന്‍ അവള്‍ എന്റെ പെങ്ങളെ പോലെ  ആണെടാ എന്ന് പറഞ്ഞു വാങ്ങിച്ചായിരുന്നു.. .." ലോലന്റെ നിഷ്കളങ്ക മറുപടി..
'ആണല്ലേ.. നന്നായി, വളരെ വളരെ നന്നായി..' മനസ്സില്‍ അതും വിചാരിച്ചു പുറത്ത് ഒരു പുഞ്ചിരി മാത്രം ലോലന് നല്‍കി ഞാന്‍ അവിടെ നിന്നും ഇറങ്ങാന്‍ ഒരുങ്ങി...
"എന്താടാ, എന്താ കാര്യം??"
"ഒന്നുമില്ല.. ചക്കിനു വെച്ചത്‌ ചക്കക്കുരുവിനാ കൊണ്ടത്‌.. അത്രേ ഉള്ളൂ..!!!"
"ന്ന് വെച്ചാ??" ലോലന് കാര്യം കത്തിയില്ല...
"പേന്‍നോക്കാന്‍ ഓള് വേറെ ആളെ എടുത്തിക്കണ് .. അത്രേ ഉള്ളൂന്ന്.. "
"അപ്പൊ ഞാനിനി എന്ത് ചെയ്യും??"
"വടക്കേലെ ശാന്തേച്ചി ഒറങ്ങിക്കാണൂല്ല.. ഓറെ തലയിലാണേല്‍ നിറയെ പേനാണെന്ന്  ഹമുക്ക് വാസുവേട്ടന്‍ ഇന്നലെ കള്ളുംപുറത്ത് പറയണ കേട്ട്... "
ഞാനതും പറഞ്ഞങ്ങു പോയി.. തിരിഞ്ഞു നോക്കിയില്ല...
പക്ഷെ...
ലോലന്‍.. ആഹ്.. ലോലന്‍ ലോലനായി... !!!

വല്യ ഗുണപാഠം : പ്രേം നസീര്‍ ഉണ്ടെങ്കില്‍ പോലും മരം ചുറ്റി പ്രേമിക്കാന്‍ നിക്കാതെ ഫഹദ് ഫാസിലിനെ പോലെ നിക്കറും ഇട്ടു വന്നു പ്രേമിക്കാന്‍ ശ്രമിക്കുന്ന ഈ ന്യൂജെനെറെശന്‍ കാലത്ത് ലോലനാവരുത്...!!!

Friday, April 19, 2013

ഒരു മാലാഖയുടെ കഥ...

ഒരു മാസത്തിനു മുമ്പ്‌ എറണാകുളത്ത്‌ നിന്നും കണ്ണൂരിലേക്കുള്ള ട്രെയിന്‍ യാത്ര..

എന്റെ മുന്നില്‍ രണ്ടു ഇണക്കുരുവികള്‍ ഇരുന്നു ആര്‍മാദിക്കുന്നു.. ശവങ്ങള്‍.. !!!
അതൊന്നും കാണാനുള്ള ത്രാണി ഇല്ലാത്തതും കൊണ്ടും അവരുടെ പ്രണയത്തില്‍ അല്പം പോലും അസൂയ ഇല്ലാത്തത്‌ കൊണ്ടും, ബാഗില്‍ കരുതിയിരുന്ന ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ "
ചിദംബര സ്മരണകള്‍ " എന്ന പുസ്തകം വായിക്കാനായി പുറത്തെടുത്തു വായന തുടങ്ങി...
"ഫിറോസ്‌ അല്ലേ??" ചോദ്യം കേട്ട്‌ ഞാന്‍ തലയുയര്‍ത്തി നോക്കി..
നേരത്തെ പ്രണയകേളിയില്‍ ഏര്‍പ്പെട്ട്‌ എന്റെ കണ്‍ട്രോള്‍കളഞ്ഞ വൃത്തികെട്ടവനായിരുന്നു അത്‌..
"അതേ"
ഇവനെങ്ങനെ എന്നെ അറിയും.. ?? ഞാന്‍ ഒന്നും മനസിലാവാതെ അവനെ നോക്കി,,
"ഞാന്‍ ഫിറോസിന്റെ ബ്ലോഗ് വായിക്കാറുണ്ട്" അവന്‍ തുടര്‍ന്നു..
'പടച്ചോനെ,ബ്ലോഗ് വായിക്കാറുണ്ട് എന്ന്.. അടുത്തത്‌ മിക്കവാറും അടി ആയിരിക്കും.. ' ഞാന്‍ വിയര്‍ത്തു.
'ഇനി എഴുതില്ല,എന്നെ ഒന്നും ചെയ്യരുത്‌' എന്ന് കൈകൂപ്പി പറയാന്‍ ഒരുങ്ങവേ അവന്റെ അടുത്ത വാക്കുകള്‍ ചെവിയില്‍ പതിഞ്ഞു..
"ലാസ്റ്റ്‌ പോസ്റ്റ് കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം വായിച്ചു.. നന്നായിരുന്നു കേട്ടോ.. "
സന്തോഷം..    വണ്ടി അടുത്ത സ്റ്റേഷനില്‍ എത്തുമ്പോള്‍ ഇവനൊരു വട വാങ്ങിക്കൊടുക്കണം.. !!!
"കുറേ ആയല്ലോ പുതിയകഥ പോസ്റ്റ് ചെയ്തിട്ട്‌.. എന്തു പറ്റി?" അവന്റെ അടുത്ത ചോദ്യം..
"ഒരെണ്ണം എഴുതി  വെച്ചായിരുന്നു.. ഉണക്കാന്‍ ഇട്ടപ്പോള്‍  കാക്ക കൊത്തിക്കൊണ്ട് പോയി .. "ഞാന്‍ ദേഷ്യം ഉള്ളിലൊതുക്കി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.. 
അല്ലേയ്‌ .... അവന്റെ ഒരു ചോദ്യം.. !!!
കഥ അന്വേഷിച്ചു നടന്നു മനുഷ്യന്റെ   കഥ തീരാറായപ്പോഴാ പുതിയ പോസ്റ്റ്‌...
"എന്നാല്‍ ഞാന്‍ ഒരു കഥ പറയട്ടെ?? "എന്റെ മനസ്  മനസിലാക്കി എന്നോണം അവന്റെ അടുത്ത ചോദ്യം വന്നു..
നീ തങ്കപ്പനല്ല.. തങ്കപ്പന്റെ അപ്പനാ.. !!!

"കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം വായിച്ചപ്പോള്‍ എനിക്ക് ഓര്‍മ വന്നത്‌ ഞങ്ങളുടെ College Get-together നു വേണ്ടി എന്റെ ഒരു ഫ്രണ്ട് രണ്ടു മാസം മുമ്പ്‌ വിളിച്ചതാ.. ആ കഥ " അവന്‍ പറഞ്ഞു നിര്‍ത്തി..
"എന്നിട്ട്‌??" ഞാന്‍ ചോദിച്ചു..
ഇതൊരു ഭാഗ്യമാണ്.. കഥ അന്വേഷിച്ചു നടക്കുന്നവനെ തേടി കഥ വരുന്ന അപൂര്‍വ ഭാഗ്യം..
'നീ കഥ പറയ്‌ മൊനെ.. അതിലിത്തിരി  മസാലയൊക്കെ ചേര്‍ത്ത്‌, ഇച്ചിരി കോമഡി വാരി വിതറി,  വെയിലത്തിട്ടുണക്കി പോസ്റ്റുന്ന കാര്യം ഞാന്‍ ഏറ്റു...  '
ഞാന്‍ മനസ്സില് കരുതി.. അവന്‍ കഥ പറഞ്ഞു തുടങ്ങി..

അവന്‍ പറഞ്ഞ കഥ.. 

രണ്ടു മാസങ്ങള്ക്ക് മുമ്പ് ഒരു  ഫോണ്‍ വിളി എന്നെ തേടി വന്നു..
"അളിയാ .. ഇത് ഞാനാ പ്രവീണ്‍ ... "
ആദ്യം എനിക്കാളെ മനസിലായില്ല.. പിന്നെ അവന്‍ വിശദമായി പറഞ്ഞപ്പോഴാണ് ആളെ പിടി കിട്ടിയത്..
പ്രവീണ്‍.. എന്റെ കൂടെ കോളേജില്‍ ഉണ്ടായിരുന്നു ഒരു സാധു..
സാധു എന്ന് പറഞ്ഞാല്‍ പരമ സാധു..
ഒരു കാര്യവുമില്ലാതെ ആരേലും കേറി തല്ലിയാല്‍ പോലും "താങ്ക്യു"എന്ന് ചിരിച്ചു കൊണ്ട് പറയുന്നത്ര സാധു..
കഴിഞ്ഞ അഞ്ചു വര്ഷമായി അവന്റെ ഒരു വിവരവുമില്ലയിരുന്നു.. അവന്‍ വിശേഷങ്ങള്‍ പങ്കു വെച്ച് തുടങ്ങി..
"അളിയാ .. ജോലി ഒക്കെ ആയോ ??" ഞാന്‍ ചോദിച്ചു
"ഓ .. ഇല്ലെടാ ..B.Ed കഴിഞ്ഞ വര്ഷം തീര്‍ന്നതെ ഉള്ളൂ ..  "
"ഭാഗ്യവാന്‍ .. കുറെ വര്ഷം പഠിത്തം .. അത് കഴിഞ്ഞൊരുവര്‍ഷം വെറുതെ ഇരുത്തം.. പിന്നെ ഉറക്കം .. നീയാണ് മച്ചൂ രാജാവ് ... "സ്വല്പം അസൂയയോടെ ഞാന്‍ പറഞ്ഞു..
അവന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
"കല്യാണം കഴിഞ്ഞോ ??"ഞാന്‍ ചോദിച്ചു..
"ഉം .. നാല് മാസം മുമ്പ്... "അവന്റെ മറുപടി ..
"പിന്നേം ഭാഗ്യവാന്‍ "
"നിന്റെ കാര്യങ്ങള്‍ എന്തായി?" അവന്‍ ചോദിച്ചു..
"കിടക്കുന്ന പായ രണ്ടായി കീറിയിട്ടു പോലും വീട്ടുകാര്ക്ക് കാര്യം മനസിലാകുന്നില്ല.. പിന്നാ... അതിരിക്കട്ടെ,ആരാ നിന്റെ കക്ഷി ??"
"നമ്മുടെ പഴയ നേഴ്സ് തന്നെയാ.. അനിത"
"എട കള്ളാ..  " ഞാന്‍ വാ പൊളിച്ചു..
അനിത.. അവന്റെ മാലാഖ .. ശോ...
ആ  പഴയ ഓര്മയും എന്നെ തേടിയെത്തി..
ഡിഗ്രി രണ്ടാം വര്ഷം പഠിക്കുമ്പോള്‍ ആയിരുന്നു അത്, ഒരു ദിവസം അനുവിന്റെ ഫോണ്‍..
"അളിയാ,നീ വേഗം ജനറല്‍ ആശുപത്രിയിലേക്ക് വാ.. പ്രവീണിനെ ഇവിടെ കിടത്തിയിരിക്കുകയാ..  " അതും പറഞ്ഞു അവന്‍ ഫോണ്‍ കട്ട് ചെയ്തു..
ഞാന്‍  ഹോസ്പിടലിലേക്ക് ഓടിയെത്തി..
അവിടെ മൂക്കില്‍ നിന്നും ചോരയൊലിപ്പിച്ചു നമ്മുടെ കഥാനായകന്‍ പ്രവീണ്‍..
"എന്ത് പറ്റിയതാടാ ??" ഞാന്‍ ചോദിച്ചു..
"ബൈകില്‍ പോകുമ്പോള്‍ ഓപ്പോസിറ്റ് ലൈറ്റിട്ട് വന്ന ഫാമിലിയെ ലൈറ്റ്‌ ഇട്ടിട്ടുണ്ട്‌ എന്നുകൈ കൊണ്ട് സിഗ്നല്‍ കാണീച്ചതാ.. " അനുവായിരുന്നു മറുപടി പറഞ്ഞത്..
"എന്നിട്ടു??"
"എന്നിട്ടെന്താ.. ബൈക്ക്‌ ഓടിച്ച ചേട്ടന്‍ അതു കണ്ടില്ല.. കണ്ട ചേച്ചി അങ്ങു കേറി തെറ്റിധരിച്ചു.."
"എന്നിട്ടു??"
"ചേട്ടന്‍ ബൈക്ക്‌ നിര്‍ത്തി ഇറങ്ങി വന്നു... പിന്നെ, ട്ടമാര്‍ പടാര്‍...***&!@#$!@$ കണ്ണ് തുറന്നപ്പോ ഇവിടെത്തി.. " അവന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു നിര്‍ത്തി..
"എന്നിട്ട്‌ ഈ പൊട്ടന്‍ ഒന്നും പറഞ്ഞില്ലേ അവരോട്‌.. "
"ഓ... എന്തു പറയാന്‍.. പതിവു പോലെ 'താങ്ക്യൂ' പറഞ്ഞു വിട്ടു.. " അനു കലിപ്പോടെ പറഞു നിര്‍ത്തി..
"മിടുക്കന്‍ "
അവിടെ വെച്ചായിരുന്നു അവന്‍ അനിതയെ ആദ്യമായ്‌ കണ്ടത്‌..
ആദ്യ കാഴ്ചയില്‍ തന്നെ മനസ്സില്‍ കോഴി കൂവി.. അനുരാഗം.. ആദ്യാനുരാഗം...
അവള്‍ ആ സൂചി എടുത്തു കുത്തിയാല്‍ പോലും ചുറ്റിലുള്ളതൊന്നും അവന് കാണാന്‍ പറ്റില്ലെന്റെ സാറേ..
അത്രേം ആഴമേറിയ അനുരാഗം..
ഏതായാലും ആ ആശുപത്രിയില്‍ പ്രവീണ്‍ കേറി ഒട്ടി എന്നു പറഞ്ഞാല്‍ മതിയല്ലോ...
തുമ്മിയാല്‍ പോലും ആശുപത്രിയില്‍ അഡ്മിട് ചെയ്യണം എന്നവസ്ഥ..
പക്ഷേ രണ്ടു കൊല്ലം അവന്‍ ഇരുന്നും ,കിടന്നും, അഡ്മിട് ആയും
ശ്രമിച്ചിട്ടും,അവന്‍ കുഴിച്ച കുഴിയില്‍ അനിത വീണില്ല...
എന്നിട്ടിപ്പോ....!!!

പിന്നെയും ഫോണ്‍ വിളിയിലേക്ക്...
"എങ്ങനെ ഒപ്പിച്ചെടുത്തെടാ അവളെ..?? " ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു..
"അതൊക്കെ വലിയ കഥയാ.. ഇത്രേം കാലം പിറകെ നടന്നു.. പക്ഷേ ആറു മാസങള്‍ക്ക് മുമ്പ്‌ മാത്രമാ അവള്‍ പറഞ്ഞത്, 'അവള്‍ക്കിഷ്ടമാണെന്ന്..'
"എന്നിട്ടു??"
"പിന്നെ ഒരുമാസം കഴിഞ്ഞപ്പോള്‍ അവളുടെ വീട്ടുകാരെ പോലും വക വെക്കാതെ എന്റെ കൂടെ ഇറങ്ങി വന്നു..."
"മിടുക്കന്‍... നീ വെറും ഭാഗ്യവാനല്ല, മെഗാ ജിഗാ ഭാഗ്യവാനാ..." ഞാന്‍ അതു പറഞ്ഞപ്പോഴും അവന്‍ ഒന്നു ചിരിക്കുക മാത്രം ചെയ്തു.പിന്നെ പറഞ്ഞു,
"പിന്നെ അളിയാ..ഞാന്‍ വേറൊരു കാര്യം പറയാനാ വിളിച്ചത്‌.. "
"എന്താടാ??"
"നമുക്ക് നമ്മുടെ ക്ലാസ്സിലെ എല്ലാരേം വിളിച്ചൊന്ന് പഴയത് പോലൊന്ന് കൂടിയാലോ... ഒരു ഗെറ്റ്‌-ടുഗെദര് .."
"ആരുമായും വല്യ ബന്ധമൊന്നും ഇപ്പൊഴില്ല.. കുറേ പേരൊക്കെ എവിടെയാണെന്ന് പോലും അറിയില്ല.. പിന്നെങ്ങനെ നടക്കനാടാ.. " ഞാന്‍ ചോദിച്ചു..
"ഉം. അറിയാം.. ഞാനും കുറേ പേരെയൊക്കെ വിളിച്ചു നോക്കി.. എല്ലാവരും അവരവരുടെ ലോകത്ത്.. ആര്‍ക്കും സമയമില്ല പോലും.. "അവന്‍ വിഷമത്തോടെ പറഞ്ഞു..
"ഉം.. "
"എല്ലാരും വന്നില്ലേലും നമ്മുടെ പഴയ ടീം എങ്കിലും ഒന്നു കൂടിയാല്‍ മതിയായിരുന്നു...നമ്മുടെ ടീമിലെ ബാക്കി നാലു പേരെയും ഞാന്‍ വിളിച്ചു.. നിര്ബന്ധിച്ചപ്പോ എല്ലാരും വരാമെന്നു സമ്മതിച്ചു... നീയും വരണം...  "
"ഉം.. എന്നാ?? "
"അടുത്ത വെള്ളിയാഴ്ച .."
"അയ്യോ.. വെള്ളിയാഴ്ച പറ്റില്ലെടാ.. ലീവ് എടുക്കാനൊക്കെ വല്യ പാടാ... നമുക്ക് ഞായറാഴ്ച കൂടാം.. " ഞാന്‍ പറഞ്ഞു..
"എടാ.. അത്രേം ദിവസം.......  പറ്റില്ലെടാ.. വെള്ളിയാഴ്ചക്ക് മുമ്പാ ഞാന്‍ ആഗ്രഹിച്ചത്‌... ബാക്കി എല്ലാവരും ഓകേ ആണ് .... നീ എങ്ങനെ എങ്കിലും നോക്കെടാ.. പ്ലീസ്.. "
"നിനക്കെന്താ വെള്ളിയാഴ്ച്ച തന്നെ വേണമെന്നു.. പറ്റില്ലാ.. അല്ലേല്‍ തന്നെ ലീവ് ബാലന്‍സ്  ഇല്ല..അതിനിടയില്‍ ഇതിനൊക്കെ വേണ്ടി.. പറ്റില്ലെടാ... " ഞാന്‍  കടുപ്പിച്ചു  പറഞ്ഞു..
അവന്‍ പിന്നെയും നിര്‍ബന്ധിച്ചു കൊണ്ടേ ഇരുന്നു.. പക്ഷേ ഞാന്‍ സമ്മതിച്ചില്ല.. കാരണം വെറുതെ എന്തിനു ഒരു ലീവ് കളയണം ??
ഒടുവില്‍ ഞാന്‍ തന്നെ ജയിച്ചു..
മനസ്സില്ലാ മനസ്സോടെ അവന്‍ ഞായറാഴ്ച കൂടാം എന്നു സമ്മതിച്ചു..
ഫോണ്‍ വെച്ചു.. !!!

കഥ നിര്‍ത്തി അവനെന്നെ ഒന്നു നോക്കി...
"തീര്‍ന്നോ??"
ആഴകിയ രാവണിലെ "ചിറകൊടിഞ്ഞ കിനാവുകള്‍" പറഞ്ഞു തീര്‍ന്നപ്പോള്‍ കൊച്ചിന്‍ ഹനീഫ ശ്രീനിവാസനോട് ചോദിച്ച അതേ ചോദ്യം.. അതേ കലിപ്പ്... !!!
അല്ല പിന്നെ.. അവന്റെ ഒരു കോപ്പിലെ കഥ..!!!
ഇതിലെന്തോന്ന് ചേര്‍ക്കാനാ.. ??
ഇതു പോസ്റ്റ് ചെയ്താല്‍ വായനക്കാര്‍ എന്നെ പിച്ചിചീന്തും..
സംഗതിയും ശഡ്ജവും എവിടെടാ എന്നു ചോദിച്ചു ബ്ലോഗ് പുലികള്‍ എന്നെ ഘരാവോ ചെയ്യും..
എന്റെ എതിര്‍ഗ്രൂപ്പുകാര്‍ എന്റെ കോലം കത്തിക്കും...
ചിലരെന്നെ കുലംകുത്തിയെന്നു വിളിക്കും.. വേണ്ട.. ഈ കഥ വേണ്ട...

പക്ഷേ ലവന്‍ വിടുന്ന ലക്ഷണമില്ല..
ലവന്‍ പിന്നെയും കഥ തുടരുന്നു... അവന്റെ കഥ ഞാന്‍ കഴിക്കേണ്ടി വരും എന്നു തോന്നുന്നു...

കഥ തുടരുന്നു...

അങ്ങനെ ആ ഞായറാഴ്ച വന്നെത്തി..
രാവിലെ തന്നെ കോളേജ് ലക്ഷ്യമാക്കി പുറപ്പെട്ടു..
സുമിത,നിമ്മി,അനു,സലാം... അവര്‍ നാലു പേരും നേരത്തെ എത്തി ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു..
ഫിറോസ്‌ ആ കഥയില്‍ പറഞ്ഞത് പോലെ എനിക്ക്‌ ചുറ്റും ഒരിക്കല്‍ സ്വര്‍ഗം തീര്‍ത്തവരെ കണ്ട് മനസ്സില്‍ കുളിര് കോരീ..
എന്റെ മനസ്സും പറഞ്ഞു, "ഈ ദിവസം ജ്വലിക്കും... !!!"

സമയം പിന്നെയും മുന്നോട്ട്‌..
പ്രവീണ്‍ മാത്രം വന്നില്ല.. കുറേ സമയം കാത്ത് നിന്നു..
പിന്നെയും സമയം മുന്നോട്ട്‌ പോയപ്പോള്‍ അവന്‍ വിളിച്ച നമ്പരിലേക്ക് വിളിച്ചു നോക്കി..
പക്ഷേ ആ നമ്പര്‍ വിളി കേട്ടില്ല..
ഞങ്ങള്‍ നിരാശരായി.. എനിക്ക്‌ ശരിക്കും ദേഷ്യം വന്നു..

"അവന്റെ വേറെ നമ്പര്‍ വല്ലതും അറിയാമോ??" ഞാന്‍ ചോദിച്ചു..
"എന്നെ ഒരു ലാന്‍ഡ്‌ ഫോണ്‍ നമ്പറില്‍ നിന്നാ വിളിച്ചത്‌.. അതു ഫോണില്‍ കാണും.. " നിമ്മീപറഞ്ഞു..
ആ ഫോണില്‍ തന്നെ ആ നമ്പരിലേക്ക് വിളിച്ചു.. ഫോണ്‍ നിലവിളിച്ചു തുടങ്ങി..
"ഭാഗ്യം.. റിംഗ്‌ ഉണ്ട്‌.. " ഞാന്‍ പറഞ്ഞു..
കുറെ നേരത്തെ നിലവിളിക്ക്‌ ശേഷം  ആരോ ഫോണ്‍ എടുത്തു...
"ഹെലോ... " ഒരു നേര്‍ത്ത സ്ത്രീ ശബ്ദം...
"ഹല്ലോ.. പ്രവീണിന്റെ വീട്‌ ആണോ ഇതു??" ഞാന്‍ പതിയെ ചോദിച്ചു..
"അതേ.. ആരാ??"
"ഞാന്‍ പ്രവീണിന്റെ സുഹൃത്ത് ആണ്..പ്രവീണിനെ ഒന്നു കിട്ടുമോ?? "
മറുതലക്കല്‍ നിശബ്ദത...
"ഹല്ലോ..." ഞാന്‍ നിശബ്ദത മുറിച്ചു...
"പ്രവീണ്‍ ചേട്ടന്‍.... "നിശബ്ദത ഒരു നിലവിളിയിലേക്ക് വഴി മാറി..
ഞാന്‍ പകച്ചു  പോയി.. ഇതെന്തു കഥ...??

നിലവിളി പിന്നെയും ഉയരുക തന്നെയാണ്..
"ഹല്ലോ.. " ഇപ്പോള്‍ ഒരു പുരുഷ ശബ്ദം.. അല്ല.. പ്രവീണിന്റെ ശബ്ദം..
എനിക്കാശ്വാസമായി..
"ഹല്ലോ.. പ്രവീണ്‍.. ഇതു ഞാനാ നിഖില്‍.. " ഞാന്‍ ആശ്വാസത്തോടെ പറഞ്ഞു..
"ഇതു പ്രവീണ്‍ അല്ല.. ഞാന്‍ പ്രവീണിന്റെ അനിയാനാ.."
"പ്രവീണ്‍... ??"
"ചേട്ടന്‍... ചേട്ടന്‍.. ചേട്ടന്‍ മരിച്ചുപോയി... "
ഞാന്‍ തരിച്ചു നിന്നു..
ദൈവമേ... എന്നെ പറ്റിക്കുകയണോ പ്രവീണ്‍..
"സത്യമാണോ പറയുന്നത്‌??"
"അതേ.. ഇന്നലെയായിരുന്നു.. " വേദനയൊടുള്ള മറുപടി..
"എങ്ങനെ.. ഇത്ര പെട്ടെന്നു..." എന്റെ ശബ്ദം മുറിഞ്ഞു തുടങ്ങിയിരുന്നു..
"പെട്ടെന്നൊന്നുമല്ല.. ചേട്ടന് ക്യാന്സര് ആയിരുന്നു... ആറു മാസം മുമ്പേ അറിഞ്ഞിരുന്നു.. "
എനിക്കൊന്നിനും ഉത്തരമില്ല..
"ഡോക്റ്റര്‍മാര്‍ വരെ കൈ വിട്ടതാ.. വെള്ളിയാഴ്ച ആയിരുന്നു ഡോക്ട്ടര്‍മാര്‍ പറഞ്ഞ അവസാന ദിവസം .. പക്ഷേ ഒരു ദിവസം കൂടുതല്‍... "
അവന്റെ ശബ്ദവും മുറിഞ്ഞു തുടങ്ങി.. പിന്നെ അതൊരു നേര്‍ത്ത കരച്ചിലായി മാറി..
"ചേട്ടന്‍ ഇന്നലെ രാവിലെ വരെ പറഞ്ഞു, 'ഞായറാഴ്ച വരെ ഞാന്‍ ജീവിച്ചിരിക്കുമെന്നു..' നിങ്ങളെ കൂടി കണ്ടിട്ടേ മരിക്കൂ എന്നു.. പക്ഷേ... "
ആ നേര്‍ത്ത കരച്ചില്‍ ചെവിയില്‍ പതിയുക തന്നെയാണ്...
പ്രവീണ്‍ ആദ്യം വിളിച്ചപ്പോള്‍ പറഞ്ഞ ഓരോ ശബ്ദവും എന്റെ ചെവികളില്‍ മുഴങ്ങുകയാണ്‌..
"എടാ.. അത്രേം ദിവസം.. പറ്റില്ലെടാ.. വെള്ളിയാഴ്ചക്ക് മുമ്പാ ഞാന്‍ ആഗ്രഹിച്ചത്‌... ബാക്കി എല്ലാവരും ഓകേ ആണ് .... നീ എങ്ങനെ എങ്കിലും നോക്കെടാ.. പ്ലീസ്.. "
ദൈവമേ..എന്റെ ഒരു ലീവ് കളയാന്‍ ഞാന്‍ മടിച്ച നിമിഷത്തെ ഏതു വാക്കു കൊണ്ടാണ് ഞാന്‍ ശപിക്കേണ്ടത്‌..
പ്രവീണ്‍.. എല്ലാം അറിഞ്ഞിട്ടും ഒരു വാക്കെങ്കിലും നീ പറഞ്ഞിരുന്നെങ്കില്‍...
ഞാനും കരഞ്ഞു തുടങ്ങിയിരുന്നു...
"അപ്പോ അനിത??" നേര്‍ത്ത വിങ്ങലോടെ ഞാന്‍ ചോദിച്ചു..
"ചേച്ചി.. ചേച്ചിയാ ഞങ്ങളുടെ ഏറ്റവും വലിയ സങ്കടം ഇപ്പോ.. എല്ലാം അറിഞ്ഞു കൊണ്ട്... "
"എന്നു വെച്ചാല്‍.. "
"ചേച്ചി ജോലി ചെയ്യുന്ന ആശുപത്രിയില്‍ വെച്ചാ ആറു മാസം മുമ്പ്‌ ചേട്ടന്റെ രോഗം തിരിച്ചറിഞ്ഞത്.. ചേച്ചിയാ അതു ചേട്ടനോട് പറഞ്ഞതും...കൂടെ ചേട്ടനെ ഇഷ്ടമാണെന്നും "
ഞാന്‍ ഒരു തരിപ്പോടെ എല്ലാം കേട്ടിരിക്കുക തന്നെയാണ്...
അവള്‍ ഇഷ്ടം തുറന്നു പറഞ്ഞ ദിവസത്തെ കുറിച്ചു പ്രവീണ്‍ പറഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞ വാക്കുകള്‍..
'മിടുക്കന്‍... നീ വെറും ഭാഗ്യവാനല്ല, മെഗാ ജിഗാ ഭാഗ്യവാനാ...'!!!!
കേള്‍ക്കാന്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിച്ച വാക്കുകള്‍ ,അത്‌ ഒരിക്കലും അര്‍ഹിക്കാത്ത  നിമിഷത്തില്‍ കേള്‍ക്കേണ്ടി വന്ന മഹാഭാഗ്യവാന്‍...!!
ഹോ.. ഓര്‍മകള്‍ കാരിരുമ്പ് പോലെ കുത്തിത്തുളക്കുകയാണ്‌..!!!
"ചേട്ടന്‍ പറഞ്ഞതാ.. ഒന്നും വേണ്ടെന്നു.. എല്ലാം വെറും തമാശ മാത്രമായിരുന്നെന്ന് പോലും നുണ പറഞ്ഞു.. എന്നിട്ടും ചേച്ചി, വീട്ടുകാരെ പോലും അവഗണിച്ചു.....................
" നേര്‍ത്ത കരച്ചില്‍ ഒരു നിലവിളിയിലേക്ക് വഴി മാറുകയായിരുന്നു..
എന്റെ ശബ്ദം,  അതില്ലാതായിരിക്കുന്നു......
പ്രവീണ്‍.. മാപ്പ്..

ഒരു നേര്‍ത്ത കണ്ണീരോടെ അവന്‍ കഥ അവസാനിപ്പിക്കുന്നു...
എന്റെ കണ്ണുകളില്‍ പൊടിഞ്ഞത് കണ്ണീര്‍ അല്ലാതിരിക്കാന്‍ വഴിയില്ല..
ഇതാണ് ഈ കഥകളുടെ കുഴപ്പം...
ചുണ്ടിലെ ചിരി തേടി പോകുന്ന കഥകള്‍ ചിലപ്പോള്‍ ചുണ്ടില്‍ ഒരു വീതമ്പലായി മാറിയേക്കും..
ഒരു ട്രൈയിന്‍ യാത്ര കൂടി കണ്ണീരില്‍ കുതിര്‍ന്നു പോകുന്നു...

മനസ്സില്‍ ഒരു മാലാഖ നിന്ന് ചിരിക്കുന്നു...
ഒരിക്കലും കാണാന്‍ ഇടയില്ലാത്ത സഹോദരീ,
മാലാഖ എന്നു വാക്ക് നിന്നെക്കാള്‍ കൂടുതല്‍ യോജിക്കുന്ന വേറൊരാള്‍ ഉണ്ടാകാന്‍ ഇടയില്ല..
സ്നേഹത്തിനു വേണ്ടി,സ്നേഹിച്ചവന് വേണ്ടി സ്വന്തം ജീവിതം പോലും നല്‍കിയ സഹോദരീ,മാലഖമാര്‍ പോലും നിന്നെയോര്‍ത്ത് അഭിമാനിക്കട്ടെ.....!!!
നിനക്ക് വേണ്ടി സമര്പ്പിക്കുന്നു ഈ കഥ... 

Wednesday, April 3, 2013

സന്തോഷ ജന്മദിനം... :)കണ്ണൂ പാസ്സഞ്ച മൂന്നാം വയസ്സിലേക്ക്...
2011, ഇത് പോലൊരു ഏപ്രി 4-നു ആണ് "കണ്ണൂ പാസ്സഞ്ചറിൽ" എന്റെ ആദ്യ പോസ്റ്റ്പബ്ലിഷ്  ചെയ്തത്.. 

 
ഇതുവരെ 56 കഥക,മുന്നൂറിലേറെ ഫോളോവേര്സ്,അറുപതിനായിരത്തി കൂടുത യാത്രക്കാ.. ആരോടൊക്കെയാണ്  നന്ദി പറയേണ്ടത്....  !!!??

പ്രിയ വായനക്കാ….. ഒന്നുമല്ല ഇതൊക്കെ എന്ന് എനിക്കറിയാം,എന്നിട്ടും  വിലപ്പെട്ട അഭിപ്രായം പറഞ്ഞവ… "മലയാളം ബ്ലോഗേഴ്സ്" ഗ്രൂപ്പ്‌, പിന്നെ ആദ്യ വായനക്കാരായ എന്റെ പ്രിയ സുഹൃത്തുക്ക, അങ്ങനെയങ്ങനെ.....

കണ്ണൂ പാസ്സഞ്ചറി  ഞാ പോസ്റ്റ്ചെയ്ത കഥകളെ ആധാരമാക്കി കേരളത്തിന്റെ മൂന്നു കോണുകളി മൂന്നു ഷോര്ട്ട് ഫിലിം ർക്ക്നടന്നു കൊണ്ടിരിക്കുന്ന വിവരവും അവസരത്തി സന്തോഷത്തോടെ അറിയിക്കട്ടെ..
ഒരിക്ക കൂടി എല്ലാവര്ക്കും നന്ദി... :)

റെയിൽവേ ബജറ്റ് പ്രഖ്യാപിച്ചപ്പോ മലബാറിനെ തഴഞ്ഞതി പ്രതിഷേധിച്ചു കുറച്ചു ദിവസങ്ങളായി സജീവമല്ലാത്ത ബ്ലോഗ്വീണ്ടും സജീവമാകുന്നു.. കാത്തിരിക്കുക.. :D:D:Dഇതുവരെ ഇറങ്ങിയതി ഏറ്റവും  കൂടുതൽപേർ വായിച്ച അഞ്ചു പോസ്റ്റുകളും ഇതോടൊപ്പം പരിചയപ്പെടുത്തുന്നു..
ഇതാ,

1) അമ്മേ,മാപ്പ്...!!!  : മഞ്ഞു വീണ പ്രഭാതത്തിൽ,നിനച്ചിരിക്കാതെ  മകന്റെ വിളി കേട്ട് ഉണരേണ്ടി വന്ന ഒരമ്മയുടെ കഥ...  (3248 Page Views)

2) സ്വപ്ന അറസ്റ്റില്‍, അതും.. !!! : എറണാകുളം ബാച്ചി ജീവിതം നയിക്കുന്ന കാലം നടന്ന ഒരു "ഇച്ചിച്ചി കഥ "...!!! (1481 Page Views)
 
3) കുത്തിയിരിപ്പിന്റെ തത്വശാസ്ത്രം..... : "ആ ദിവസം ശരിക്കും ജ്വലിച്ചു..."  (1470 Page Views)

4) പെണ്ണുകാണല്‍...  : സിനു പെണ്ണ് കാണാൻ പോയ കഥ...   (1400 Page Views)

5) ചതിയന്‍ ചന്തു.... ചതിക്കാത്ത ചന്തു..!!!!! : ഒരാളെ പ്രേമിച്ചു തുടങ്ങുമ്പോള്‍ ഇതുവരെ ചെയ്യാത്ത പലതും ചെയ്യേണ്ടി വരും എന്ന് ഇതിനു മുമ്പ് പറഞ്ഞ മഹാന്‍ ആരായാലും പുള്ളിയെ ഒന്ന് നമിക്കണം..  (1171 Page Views)

നിങ്ങളുടെ വായനയും വാക്കുകളും പ്രതീക്ഷിച്ചു കൊണ്ട്,ഒരിക്കൽ കൂടി നന്ദി പറഞ്ഞു കൊണ്ട്,

സസ്നേഹം,
ഫിറോസ്‌  


മുഖം മനസ്സിന്റെ കണ്ണാടി.. മുഖപുസ്തക അഭിപ്രായം ഇവിടെ...